തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ഐഎൻടിയുസി സംസ്ഥാനപ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകും. സിബിഐ കുറ്റപത്രം നൽകിയ കേസിൽ വിജയൻ സർക്കാർ മൂന്നുതവണ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചിരുന്ന ചന്ദ്രശേഖരനെയാണ് വി.ഡി.സതീശൻ സർക്കാർ പ്രോസിക്യൂട്ട് ചെയ്യാൻ അനുവദിക്കുന്നത്.
ഇതിന്റെപേരിൽ വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി. മുഹമ്മദ് ഹനീഷിനെതിരേ കോടതിയലക്ഷ്യ നടപടിയിലേക്ക് കടന്നിരിക്കുകയാണ്. തിങ്കളാഴ്ച അദ്ദേഹം ഹൈക്കോടതിയിൽ നേരിട്ടെത്തി വിശദീകരണം നൽകണം.
അനുമതിക്കാര്യം അറിയിക്കാൻ ജുലായ് രണ്ടുവരെ സമയമുണ്ടെങ്കിലും ഒരുപക്ഷേ, തിങ്കളാഴ്ചതന്നെ അദ്ദേഹം അറിയിക്കാൻ സാധ്യതയുണ്ട്. കോടതി മൂന്നുതവണ നിർദേശിച്ചിട്ടും പ്രോസിക്യൂഷൻ അനുമതിനൽകാത്തതാണ് മുഹമ്മദ് ഹനീഷിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് കാരണമാകുന്നത്.
നടപടിക്രമങ്ങളിലെ പ്രശ്‌നങ്ങൾ മാത്രമാണ് സിബിഐ കണ്ടെത്തിയിട്ടുള്ളതെന്നും ഈ സാഹചര്യത്തിൽ അനുമതി നൽകാനാവില്ലെന്നുമായിരുന്നു ചന്ദ്രശേഖരനെ ചേർത്ത് പിടിച്ച് കോൺഗ്രസിനെതിരെ പ്രയോഗിക്കുക എന്ന ലക്ഷ്യത്തോടെ പിണറായി സർക്കാർ സ്വീകരിച്ച നിലപാട്. കോടതി നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ്, പ്രതിസ്ഥാനത്തുള്ളത് ഐഎൻടിയുസി നേതാവായിട്ടും അനുമതിനൽകാനുള്ള നിലപാടിലേക്ക് യുഡിഎഫ് സർക്കാർ എത്തിയത്.
ഹൈക്കോടതി നിർദേശം പാലിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വീകരിച്ചത്. 2006 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ കശുവണ്ടി വികസന കോർപ്പറേഷൻ അസംസ്കൃത കശുവണ്ടി ഇറക്കുമതിചെയ്‌തതിൽ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. കോർപ്പറേഷൻ മുൻ ചെയർമാനായ ആർ. ചന്ദ്രശേഖരൻ, മുൻ എംഡി. കെ.എ. രതീഷ് എന്നിവരാണ് പ്രതികൾ.
ഐഎൻടിയുസി നേതാവിനെ സംരക്ഷിക്കാൻ പിണറായി സർക്കാർ എന്തിന് ശ്രമിക്കുന്നുവെന്നത് സിപിഎമ്മിൽ പോലും വിവാദമായിരുന്നു. സർക്കാരിനൊപ്പം ചേർന്നാണ് ആശസമരത്തിൽ ചന്ദ്രശേഖരൻ നിന്നത്. ഇത് പ്രോസിക്യൂഷൻ അനുമതി നൽകാത്തതിലുള്ള പ്രത്യുപകാരമാണെന്നും വിമർശനമുണ്ടായി.
ഐഎൻടിയുസിയുടേത് കോൺഗ്രസ് നിലപാടല്ലെന്നുവരെ നേതാക്കൾക്കു പറയേണ്ടിവന്നു. അതേസമയം, കോൺഗ്രസിലെ മുഖ്യമന്ത്രിത്തർക്കത്തിൽ സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് ചന്ദ്രശേഖരൻ സ്വീകരിച്ചിരുന്നത്. പക്ഷെ അതൊന്നും നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗമാക്കാൻ കോൺഗ്രസ് അനുവദിച്ചില്ല.
Cashew nut corruption case: Congress government gives permission to prosecute INTUC state president Chandrasekharan, who was protected by Vijayan























